10:24pm 08 September 2026
NEWS
തൊഴിലുറപ്പ് തൊഴിലാളികളുമായി നേരിട്ട് ആശയവിനിമയം നടത്തി കെ സി വേണു​ഗോപാൽ
20/12/2025  08:17 PM IST
nila
തൊഴിലുറപ്പ് തൊഴിലാളികളുമായി നേരിട്ട് ആശയവിനിമയം നടത്തി കെ സി വേണു​ഗോപാൽ

തൊഴിലുറപ്പ് തൊഴിലാളികളുമായി നേരിട്ട് ആശയവിനിമയം നടത്തി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. കേന്ദ്ര സർക്കാർ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന തത്വങ്ങളിൽ ഇടപെടൽ നടത്തി പദ്ധതി ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് കെ സി വേണു​ഗോപാൽ തൊഴിലുറപ്പ് തൊഴിലാളികളുമായി സംവദിക്കുകയും അവർക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തത്. 

ആലപ്പുഴ ജില്ലയിലെ പുറക്കാട് പഞ്ചായത്തിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് തോട്ടപ്പള്ളി പടിഞ്ഞാറ് ചാലയിൽ തോപ്പിൽ പ്രദേശത്തെ കൃഷിയിടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ അദ്ദേഹം കണ്ടത്. ഉടൻ തന്നെ വാഹനത്തിൽ നിന്ന് ഇറങ്ങിയ കെ.സി. വേണുഗോപാൽ തൊഴിലാളികളോടൊപ്പം സമയം ചെലവഴിക്കുകയും അവരുടെ ജീവിതാനുഭവങ്ങളും ആശങ്കകളും കേൾക്കുകയും ചെയ്തു.

സാധാരണക്കാരുടെ ഉപജീവനം ഉറപ്പാക്കാനും തൊഴിൽ അവകാശം സംരക്ഷിക്കാനും കോൺഗ്രസ് സർക്കാർ നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള മോദി സർക്കാരിന്റെ നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം തൊഴിലാളികളെ അറിയിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസ് ശക്തമായി ഇടപെടുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

തൊഴിലാളികൾ സ്നേഹത്തോടെ നൽകിയ കപ്പയും മുളക് കറിയും അവരോടൊപ്പം ഇരുന്ന് കഴിച്ച വേണുഗോപാൽ, തുടർന്ന് സമീപത്തെ കടയിൽ നിന്ന് ക്രിസ്മസ് കേക്ക് എത്തിച്ച് തൊഴിലാളികൾക്ക് മുറിച്ച് നൽകി. നിലത്ത് ഇരിക്കാനൊരുങ്ങിയപ്പോൾ സ്ഥലത്ത് അഴുക്കുണ്ടെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടിയെങ്കിലും, അതൊന്നും പ്രശ്നമല്ലെന്ന് പറഞ്ഞ് അവരോടൊപ്പം തന്നെ ഇരുന്ന ശേഷമാണ് അദ്ദേഹം അവിടെ നിന്ന് മടങ്ങിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img